ഇരിട്ടി: കൃഷി വകുപ്പ് കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി സൗജന്യമായി നൽകിയിരുന്ന വൈദ്യുതി കണക്ഷന്റെ തുക കുടിശികയായതോടെ തുക അടയ്ക്കാൻ കെഎസ്ഇബി കർഷകർക്ക് നോട്ടീസ് നൽകി തുടങ്ങി. 2022 ഏപ്രിൽ മാസം മുതൽ വൈദ്യുതി ബിൽ കൃഷിവകുപ്പ് അടച്ചിരുന്നില്ല. ഇതോടെ, കെഎസ്ഇബി കുടിശിക തുകയ്ക്കായി കർഷകരെ സമീപിച്ചിരിക്കുകയാണ്.
പല കർഷകർക്കും ഭീമമായ തുകയാണു കുടിശികയായി വന്നിരിക്കുന്നത്. കണക്ഷൻ വിച്ഛേദിക്കാൻ അധികൃതർ എത്തിയെങ്കിലും കർഷകർ സമ്മതിക്കാതെ വന്നതോടെയാണ് 15 ദിവസത്തെ നോട്ടീസ് നല്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കുടിശിക അടയ്ക്കാത്ത പക്ഷം യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
പായം പഞ്ചായത്തിലെ തുണ്ടത്തിൽ സെബാസ്റ്റ്യനു ലഭിച്ച നോട്ടീസിൽ 22,777 രൂപയാണ് കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലെ പായം പഞ്ചായത്തിൽ മാത്രം 110 കർഷകരുടെ വൈദ്യുത ബില്ലാണ് 2022 മുതൽ കുടിശികയായിരിക്കുന്നത്.
ഇതരസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും കർഷകനു വൈദ്യുതി ഉൾപ്പെടെ എല്ലാം സൗജന്യമായി നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ബിൽ കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ കട്ടുചെയ്യുമെന്ന ഭീഷണിയുമായി കെഎസ്ഇബി എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കർഷകർക്ക് സൗജന്യമായി നൽകിയിരുന്ന വൈദ്യുതിയുടെ ബിൽ അടയ്ക്കാതെ കൃഷിവകുപ്പ് മുടക്കിയിരിക്കുകയാണ്. കുടിശികയായതോടെ സാധാരണക്കാരായ കർഷകരിൽ പലരും അടയ്ക്കാനായുള്ളത് അതിഭീമമായ തുകയാണ്. വൈദ്യുതി ലഭിച്ചില്ലെങ്കിൽ വേനൽക്കാലം ആകുന്നതോടെ ജലസേചനം മുടങ്ങി കൃഷികൾ പലതും നശിച്ചുപോകുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.